കത്തുന്ന ചൂടിനും ഉഷ്ണതരംഗ മുന്നറിയിപ്പിനിടയിലും ആശ്വാസമേകി വേനൽ മഴ . വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എവിടെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.ശനിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 5 മണിയ്ക്ക് പ്രഖ്യാപിച്ചത്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത .അതേസമയം ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) സാധ്യത നിലനിൽക്കുന്നതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു .ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിൻ്റെയും അടുത്ത ദിവസങ്ങളിലും തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരുമെന്ന പ്രവചനത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.മെയ് മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.